കോട്ടയം : സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നമെന്നും അതിന്റെ പേരിൽ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ട് ചെയ്യാൻ അവസരം ലഭിക്കാതെ വോട്ടർമാർ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണം. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മറ്റു ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
”സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യത്വം പരിഗണിക്കണം. എന്റെ പിതാവ് എനിക്ക് കാണിച്ച് തന്നത് അതാണ്. ടെക്നിക്കാലിറ്റിവെച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുത്. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളു. വേറെ അവസരം ഒരുക്കി നൽകാൻ കഴിയുമോ അതെല്ലാം ചെയ്യണം. ആളുകൾ മണിക്കൂറുകളോളം വോട്ട് ചെയ്യാനായി നിൽക്കുകയാണ്. അവരുടെ സമയത്തിന് വിലയില്ലേ.
എന്റെ ജനങ്ങളുടെ ബുദ്ധിമുട്ടാണ് പ്രശ്നം. ഇവിടുള്ള സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചത്. നിയമമോ സാങ്കേതികത്വമോ അല്ല പ്രധാനം. ജനങ്ങളുടെ അവകാശമാണ്. അതിന്റെ പേരിൽ ട്രോളിയാലും സാരമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രചാരണത്തിനിടയിൽ ഉണ്ടായതിനേക്കാൾ വലിയ അപവാദങ്ങൾ കുടുംബം മുൻപ് നേരിട്ടിട്ടുണ്ടെന്നും ചാണ്ടി ചൂണ്ടിക്കാട്ടി. ഇത് സാമാന്യം ചെറിയ ആക്രമണം മാത്രമാണ്”. സോളാർ കേസിൽ പിതാവിനെയും കുടുംബത്തെയും ആക്ഷേപിച്ചതും ചാണ്ടി ചൂണ്ടിക്കാട്ടി.