ബെംഗളൂരു : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. ഭരണമാറ്റത്തെ ആർക്കും തടുക്കാനാകില്ല. മോദിയുടെ ഭരണത്തിനു കീഴിൽ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ച നിലയിലാണ്. പണപ്പെരുപ്പം ഉയരുകയാണെന്നും കെസിആർ ചൂണ്ടിക്കാട്ടി. ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.
‘ഞങ്ങൾ കർണാടകയിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയതലത്തിൽ എന്തായാലും മാറ്റമുണ്ടാകും. അത് ആർക്കും തടയാനാകില്ല. ഈ രാജ്യത്ത് കർഷകരും ഗോത്രവർഗക്കാരും പാവപ്പെട്ടവരും സന്തുഷ്ടരല്ല. വ്യവസായശാലകൾ അടച്ചുപൂട്ടുകയാണ്. ജിഡിപി തകർച്ചയിലാണ്. പണപ്പെരുപ്പം ഉയരുന്നു. രൂപയുടെ മൂല്യം കുറയുന്നു.’ – കെസിആർ മാധ്യമങ്ങളോടു പറഞ്ഞു.
ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴാണ് കെസിആർ ബെംഗളൂരുവിലേക്കു പറന്നത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ കാണാതെ കെസിആർ മുങ്ങുന്നത്. ഇത്തവണ ഫിഷറീസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ചതെങ്കിൽ, ഫെബ്രുവരി ആദ്യ വാരം മോദി എത്തിയപ്പോൾ സ്വീകരിച്ചത് മന്ത്രി ശ്രീനിവാസ് യാദവാണ്. ഫെബ്രുവരിയിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖർ റാവു മോദി പങ്കെടുത്ത പരിപാടിയിൽനിന്നു വിട്ടുനിന്നത്.