ദില്ലി : കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പ് മാറ്റം. ഇദ്ദേഹത്തെ നിയമ സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യ സഹമന്ത്രിയാക്കി. കിരൺ റിജിജുവിനെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഹമന്ത്രി അർജുൻ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിൻറെ സ്വതന്ത്ര ചുമതല നൽകി. ജുഡീഷ്യറിയുമായുള്ള നിരന്തര ഏറ്റുമുട്ടലിലുള്ള അതൃപ്തിയാണ് റിജിജുവിനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന.
രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയപ്പോഴാണ് 2021 ജൂലൈയിൽ കിരൺ റിജിജുവിന് കേന്ദ്ര നിയമമന്ത്രി സ്ഥാനം നൽകിയത്. പിന്നീട് ജുഡീഷ്യറിയെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകളാണ് റിജിജു നിരന്തരം നടത്തിയത്. കൊളീജിയം സംവിധാനം ഒട്ടും സുതാര്യമല്ലാത്ത സംവിധാനമെന്ന് റിജിജു ആഞ്ഞടിച്ചിരുന്നു. ജഡ്ജിമാർ അവരുടെ സ്വന്തക്കാരെ ജഡ്ജിമാരായി നിയമിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും റിജിജു വിമർശിച്ചു. വിരമിച്ച ചില ജഡ്ജിമാര്‍ രാജ്യവിരുദ്ധ സഖ്യത്തിന്‍റെ ഭാഗമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള സ്വവർഗ്ഗ വിവാഹം പോലുള്ള കേസുകളിൽ പരസ്യ പ്രതികരണം മന്ത്രി നടത്തിയതിൽ സുപ്രീം കോടതി ജഡ്ജിമാർക്ക് അതൃപ്തിയുണ്ടായിരുന്നു. സമൂഹത്തിന് വേണ്ടാത്തത് കോടതി അടിച്ചേൽപ്പിക്കരുതെന്നാണ് റിജിജു പറഞ്ഞത്. ദില്ലി സർക്കാരുമായുള്ള തർക്കം പോലുള്ള കേസുകളിൽ തോറ്റതും റിജിജുവിന്റെ സ്ഥാനചലനത്തിന് കാരണമായി. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അടക്കമുള്ള കേസുകളിൽ തീരുമാനം വരാനിരിക്കുകയാണ്.
അരുണാചലിൽ നിന്നുള്ള കിരൺ റിജിജുവിന്റെ പാർട്ടിയിലും സർക്കാരിലുമുള്ള വളർച്ച അതിവേഗമായിരുന്നു. ഇതിനിടെയാണ് അപ്രധാനമായ മന്ത്രാലയത്തിലേക്കുള്ള മാറ്റം. പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് കിരൺ റിജിജു വകുപ്പ് മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്.
റിജിജുവിനെ മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിൽ പാർലമെന്ററികാര്യം, സാംസ്കാരികം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായ അർജുൻ റാം മേഘ്‌വാളിനാണ് നിയമന്ത്രാലയത്തിൻറെ സ്വതന്ത്ര ചുമതല അധികമായി നൽകിയത്. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിൽ നിന്നുള്ള നേതാവാണ് അർജുൻ റാം മേഘ്‌വാൾ. റിജിജുവിനെ മാത്രമാണ് ഇപ്പോൾ മാറ്റിയതെങ്കിലും കേന്ദ്രമന്ത്രിസഭയെ വൈകാതെ പുനസംഘടിപ്പിക്കുമെന്നും സൂചനകളുണ്ട്.