ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പലരും പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? പ്രത്യേകിച്ച് ഇന്ന് നിരവധി പേരാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. വേഗതയേറിയ ജീവിതരീതിയാണ് അധികവും ആളുകളെ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണം പതിവായി കഴിക്കുക, പോഷകക്കുറവ്, സ്ട്രെസ്, ഉറക്കമില്ലായ്മ, ലഹരി ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ മാറിയ ജീവിതരീതികള്‍ ദഹനപ്രശ്നങ്ങള്‍ വലിയൊരു വിഭാഗം പേരിലും സാധാരണമാക്കി തീര്‍ത്തിരിക്കുന്നു.
ദഹനപ്രശ്നങ്ങളില്‍ തന്നെ ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് മലബന്ധം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ചെയ്യുന്ന ചില കാര്യങ്ങള്‍ ഇത്തരത്തില്‍ മലബന്ധത്തിനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മലബന്ധത്തിലേക്ക് നയിക്കുന്ന ഈ ശീലങ്ങളെ ഉപേക്ഷിച്ചുനോക്കൂ, ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കൂ…
ഒന്ന്…
ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ല എന്നുണ്ടെങ്കില്‍ അത് ക്രമേണ മലബന്ധത്തിലേക്ക് നയിക്കാം. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണം. വെള്ളം കുടി കുറഞ്ഞാല്‍ അത് ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം.
രണ്ട്…
കാപ്പിയോ ചായയോ എല്ലാം അമിതമായി കുടിക്കുന്നവരില്‍ ഇതുമൂലവം മലബന്ധം ഉണ്ടാകാം. പതിവായി കാപ്പിയും ചായയും ഏറെ കഴിക്കുകയാണെങ്കില്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ‘കഫീൻ’ഉം ശരീരത്തില്‍ അധികമായി എത്തും. ‘കഫീൻ’ഉം ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാക്കുന്ന ‘ഡീഹൈഡ്രേഷൻ’ അഥവാ നിര്‍ജലീകരണത്തിനാണ് കാരണമാകുക. ഇതാണ് മലബന്ധത്തിലേക്ക് നയിക്കുന്നത്.
മൂന്ന്…
നമ്മുടെ ഡയറ്റില്‍ അഥവാ നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഫൈബര്‍ അടങ്ങിയിട്ടില്ല എന്നുണ്ടെങ്കില്‍ അതും മലബന്ധത്തിലേക്ക് നയിക്കാം. പച്ചക്കറികളോ പഴങ്ങളോ ഒന്നും കാര്യമായി കഴിക്കാത്തവരിലാണ് ഈ പ്രശ്നം ഏറെയും കാണുക. ഡയറ്റില്‍ ഫൈബറടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുകയെന്നതാണ് ഇതിന് പരിഹാരം.
നാല്…
ആവശ്യത്തിന് കായികാധ്വാനം – അല്ലെങ്കില്‍ വ്യായാമം ഇല്ലെങ്കില്‍ അതും മലബന്ധത്തിലേക്ക് നയിക്കാം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ ഏറെയും ശ്രദ്ധ പുലര്‍ത്തേണ്ടത്.
അഞ്ച്…
ചില മരുന്നുകളുടെ ഉപയോഗവും ചിലരില്‍ മലബന്ധമുണ്ടാക്കാറുണ്ട്. അതിനാല്‍ പതിവായി എന്തെങ്കിലും മരുന്ന് കഴിക്കുന്നവരില്‍ മലബന്ധമുണ്ടാകുന്നുവെങ്കില്‍ ഇക്കാര്യം ഡോക്ടറോട് സംസാരിക്കുന്നത് നല്ലതായിരിക്കും. താല്‍ക്കാലികമായി കഴിക്കുന്ന ചില മരുന്നുകളും ഇതുപോലെ മലബന്ധമുണ്ടാക്കാം. എന്നാലീ പ്രശ്നം താല്‍ക്കാലികമായി മാത്രമേ നേരിടൂ.