കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളജാണ് സിറ്റി പോലീസിൽ പരാതി നൽകിയത്.ചാനൽ സംപ്രേക്ഷണം ചെയ്ത മൂന്നുമിനിറ്റ് വിഡിയോക്കെതിരെയാണ് പരാതി. നീലഗിരിയിലെയും കോയമ്പത്തൂരിലെയും കോളജുകളിൽ പഠിക്കുന്ന ഒരു പ്രേത്യക സമുദായത്തിലെ വിദ്യാർഥികൾ ബിപിൻ റാവത്തിന്‍റെ മരണം ആഘോഷിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ.
വിഡിയോ വൈറലായതോടെ കോളജിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ ഡിസംബർ ഏഴിനാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഡിസംബർ എട്ടിനായിരുന്നു ഹെലികോപ്ടർ അപകടം. ഹെലികോപ്ടർ അപകടത്തിന് ഒരു ദിവസം മുമ്പ് വിദ്യാർഥികൾ ഫ്രഷേർസ് ഡേ ആഘോഷിക്കുന്നതാണ് വിഡിയോയെന്ന് കോളജ് മാനേജ്മെന്‍റ് അറിയിച്ചു. വിദ്യാർഥികളെ മോശമായി ചിത്രീകരിക്കാനും കോളജിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും ചില ഓൺലൈൻ ചാനലുകൾ കിംവദന്തികൾ പ്രചരിപ്പിക്കുന്നു.
റാവത്തിന്‍റെയും മറ്റു 12 പേരുടെയും മരണം അറിഞ്ഞതിന് ശേഷം ഡിസംബർ ഒമ്പതിന് കോളജും വിദ്യാർഥികളും ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തിരുന്നു – കോളജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു യുട്യൂബ് ചാനലിനെതിരെ കേരള പോലീസിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.