ഛണ്ഡിഗഢ് : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.മു ഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ ആസ്തിയിൽ അഞ്ച് കോടി രൂപയുടെ കുറവുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. 2017ൽ 14.51 കോടി ആയിരുന്നു ചന്നിയുടെ ആസ്തി. 2022ൽ അത് 9.45 കോടി ആയി കുറഞ്ഞു. മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ആസ്തിയിൽ 2017 മുതൽ 20 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ്ങ് സിദ്ധുവിന്റെ ആസ്തിയിൽ 1.25 കോടിയുടെ കുറഞ്ഞു. 2017ൽ സിദ്ധുവിന്റെ ആകെ ആസ്തി 4.90 കോടി ആയിരുന്നെങ്കിൽ 2022ൽ അത് 44.65 കോടിയായതായി എ.ഡി.ആർ റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ്ങ് ബാദലിന്റെ ആകെ ആസ്തിയിൽ 100 കോടി രൂപ വർധിച്ചുവെന്നാണ് കണക്ക്. ആസ്തിയിൽ ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായിരിക്കുന്നത് ബാദലിനാണ്. തിങ്കളാഴ്ചയാണ് എ.ഡി.ആർ റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പ്രകാരം അഞ്ച് നേതാക്കളുടെ ആസ്തിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ (202 കോടി), കോൺഗ്രസ് നേതാവ് മൻപ്രീത് സിങ് ബാദൽ (32 കോടിയിൽ നിന്ന് 72 കോടിയായി), എഎപി നേതാവ് അമാൻ അരോര (29 കോടി വർധിച്ചു), മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി നേതാവുമായി അമരീന്ദർ സിങ്ങ് (20.41 കോടി വർധിച്ചു), സ്വതന്ത്ര സ്ഥാനാർഥി അങ്കത് സിങ് എന്നിവരുടെ ആസ്തിയിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന എംഎൽഎമാരിൽ 67 കോൺഗ്രസ് എംഎൽഎമാരുടെ ആസ്തിയിൽ ശരാശരി 1.47 കോടിയുടെ വർധനവാണ് ഉണ്ടായത്. ശിരോമണി അകാലിദൾ നേതാക്കളുടേതാവട്ടെ ഇത് 8.18 കോടിയാണ്. ആം ആദ്മി പാർട്ടി നേതാക്കളുടെ ആസ്തിയിൽ 3.21 കോടിയുടെ വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.