തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വ്യാജ രേഖ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. സ്പെയ്സ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എന്ന കേസിലാണ് നടപടി. ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിലെ അടിയന്തിര നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പെട്ടെന്ന് വേഗത്തിലായത്. ഇന്നലെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് തീർത്തും അപ്രതീക്ഷിതമായി സ്വപ്നയുടെ ഫ്ലാറ്റിലെത്തി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് അംബേദ്കക്കർ സർവ്വകലാശായില്‍ നിന്നും ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിൽ നിയമനം നേടിയത്. സ്പെയ്സ് പാർക്കിന്‍റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വിഷൻ ടെക് എന്നീ സ്ഥാപനമാണ് സ്വപ്നയെ അഭിമുഖം നടത്തി ശുപാർശ ചെയ്തിരുന്നത്.
വ്യാജ രേഖ ചമച്ച് ജോലി നേടിയ സ്വപ്ന സുരേഷ് 16 ലക്ഷം രൂപ ജോലി ചെയ്ത കാലയളവിലാകെ ശമ്പളമായി വാങ്ങി. സ്വർണ കടത്തിന് പിന്നാലെയാണ് സ്വപ്നയുടെ അനധികൃത നിയമനവും വ്യാജ രേഖയുമെല്ലാം പുറത്തുവരുന്നത്. കേസെടുത്തുവെങ്കിലും രണ്ടു വർഷമായി അന്വേഷണമെങ്ങുമെത്തിയിട്ടില്ല.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെയാണ് കേസിന് വീണ്ടും ജീവൻ വയ്ക്കുന്നത്. പഞ്ചാബ് സ്വദേശിയായ സച്ചിൻദാസാണ് സ്വപ്നക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലേക്ക് അന്വേഷണ സംഘം ഉടൻ പോകും. അതിന് പിന്നാലെ കുറ്റപത്രം നൽകാനാണ് നീക്കം.
അതേ സമയം തന്‍റെ നിയമനത്തിന് പിന്നിൽ ശിവശങ്കറായിരുന്നുവെന്നും വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സ്വപ്ന നേരത്തെ വെളിപ്പടുത്തിയിരുന്നു. എന്നാൽ അന്വേഷണം ഇതുവരെ ശിവശങ്കറിലേക്ക് നീങ്ങിയിട്ടില്ല. സ്വപ്ന സുരേഷിനെയും, പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെയും, വിഷൻ ടെക്കിനെയും ഇവിടുത്തെ ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോഴും പ്രതി ചേർത്തിട്ടുള്ളത്. സ്വപ്നയുടെ നിയമനത്തിൽ ഇടപെട്ടതിന്‍റെ പേരിലായിരുന്നു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
സ്വപ്നക്ക് അനുവദിച്ച ശമ്പളത്തിന്‍റെ തുക പിഡബ്ള്യുസി തിരിച്ചു നൽകിയില്ലെങ്കിൽ ശിവശങ്കർ അടക്കമുള്ളവരിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് ധനകാര്യപരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. കെഎസ്ഐടിഎൽ കത്ത് നൽകിയെങ്കിലും പിഡബ്ള്യുസി അനുകൂലമായി പ്രതികരിച്ചില്ല. ഖജനാവിൽ നിന്നും പോയ തുക തിരിച്ച് പിടിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. അതിനിടെയാണ് സ്വപ്നക്കെതിരെ മാത്രമുള്ള നടപടി വേഗത്തിലാക്കുന്നത്.