ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമാണപ്രവൃത്തികൾ ‘കണ്ണുതുറപ്പിക്കുന്നതാ’ണെന്ന് യുഎസ് സൈന്യത്തിന്റെ പസിഫിക് കമാൻഡിങ് ജനറൽ, ജനറൽ ചാൾസ് എ. ഫ്ലിൻ. ചില നിർമാണങ്ങൾ ആപത്‌സൂചന നൽകുന്നതാണെന്നും ഫ്ലിൻ കൂട്ടിച്ചേർത്തു, ‘അസ്ഥിരമാക്കുന്നതും കാർന്നുതിന്നുന്നതുമായ സ്വഭാവമാണ്’ ചൈനയുടേതെന്നും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി.
‘ചൈനയുടെ ഗൂഢമായ പാതയിലൂടെയുള്ള പോക്ക് ഒട്ടും ഗുണകരമല്ല. അവരെ നേരിടാൻ ഇന്ത്യയും യുഎസും യോജിച്ചു പ്രവർത്തിക്കണം’ – ഫ്ലിൻ വ്യക്തമാക്കി. ഈ ഒക്ടോബറിൽ ഇന്ത്യയും യുഎസും സംയുക്തമായി സമുദ്ര നിരപ്പിൽനിന്ന് ഉയർന്ന സ്ഥലത്തു പരിശീലനം നടത്തും. യുദ്ധ് അഭ്യാസ് എന്ന പേരിൽ നടത്തുന്ന പരിശീലനം ഹിമാലയത്തിൽ സമുദ്രനിരപ്പിൽനിന്ന് 9000 – 10000 അടി ഉയരത്തിലാണ് നടത്തന്നത്.
നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയ അദ്ദേഹം സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് ബ്ലോക്കിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയുമായും കൂടിക്കാഴ്ച നടത്തി.