കോട്ടയം: പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് കേരള കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ബിനു പുളിക്കക്കണ്ടം. തന്നെ ചതിച്ചതാണെന്ന് ബിനു നഗരസഭയിലെ കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചു. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാർട്ടി ഈ ചതിക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ തന്നെ ചതിച്ചു. എല്ലാത്തിനും കാലം മറുപടി നൽകും. ഓടു പൊളിച്ച് കൗൺസിലിൽ വന്ന ആളല്ല താൻ. ഞങ്ങളുടെ അണികളെ ബോധ്യപ്പെടുത്താനെങ്കിലും ഈ ചതിക്ക് കൂട്ട് നിൽക്കരുതായിരുന്നു. തെറ്റായ കീഴ്‌വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണ് ജോസിൻ ബിനോയുടെ ചെയർമാൻ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിന്റെ കൗൺസിൽ അംഗങ്ങൾക്ക് മുന്നിലാണ് ജോസിനെ വിമർശിച്ച് ബിനു പ്രസംഗിച്ചത്. തോറ്റ ജോസ് കെ മാണി ഇനി പാലായിൽ മൽസരിക്കേണ്ടെന്ന് സി പി എം നാളെ പറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. പത്രക്കാരോട് ഒന്ന് പറയുകയും മറിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകൾക്കുള്ള മറുപടിയാകും ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനം. കേരള നിയമസഭയിലും എംഎൽസി സംവിധാനം വേണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കിൽ ചിലർക്ക് നിയമസഭ കാണാൻ പറ്റില്ലെന്നും ജോസ് കെ മാണിയെ ഉദ്ദേശിച്ച് ബിനു പരിഹസിച്ചു.
പ്രതിഷേധത്തിന്റെ കറുപ്പല്ല, ആത്മ സമർപ്പണത്തിന്റെ കറുപ്പാണ് താൻ ധരിച്ച വേഷമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇടപെടലാണ് തന്റെ ചെയർമാൻ സ്ഥാനം ഇല്ലാതാക്കിയത്. ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല. കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ജോസിന്റെ സ്വഭാവ വൈകല്യം സി പി എം മനസിലാക്കിയതു കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സംസാരിക്കുന്നതിനിടെ സിപിഎം ഏരിയാ സെക്രട്ടറി ബിനുവിനെ വിളിച്ചുകൊണ്ടുപോയി.
ഇന്ന് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ പാലാ നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ടു. 17 വോട്ട് നേടിയായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി. ഒരു വോട്ട് അസാധുവായി. പേര് എഴുതി ഒപ്പിടാത്തതിനാലാണ് ഒരു വോട്ട് അസാധുവായത്. ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന ജിമ്മി ജോസഫാണ് വിട്ടു നിന്നത്.
ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കം. കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ജോസിൻ ബിനോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കേരളാ കോൺഗ്രസിലെ ആന്‍റോ പടിഞ്ഞാറേക്കരയായിരുന്നു നഗരസഭാ ചെയർമാൻ. ഇദ്ദേഹം രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു. വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗസ് എമ്മിനും ഒരുവർഷം സിപിഎമ്മിനുമായിരുന്നു ചെയര്‍മാന്‍ പദവി. 26 അംഗ കൗൺസിലിൽ കേരളാ കോൺഗ്രസ് എമ്മിന് 10ഉം സിപിഎമ്മിന് 6ഉം സിപിഐക്ക് ഒരംഗവുമാണുള്ളത്. യുഡിഎഫില്‍ കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്നും ഒരു സ്വതന്ത്ര അംഗവുമാണ് ബലം.