കൊച്ചി: ഭാര്യ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. കേസ് റദ്ദാക്കാൻ സൈബി ജോസ് നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് നിർദേശ പ്രകാരം ചേരാനല്ലൂർ എസ്.ഐ. കെ.എക്സ് തോമസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും സൈബിയുടെ ബാങ്ക് അക്കൗണ്ട് രേഖകളും വിശദാംശങ്ങളും ശേഖരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹൈകോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന അഭിഭാഷകനാണ് സൈബി ജോസ് കിടങ്ങൂർ. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കുടുംബ കോടതി എന്നിവിടങ്ങളിൽ തനിക്കെതിരെ ഭാര്യ നൽകിയ കേസുകൾ ഒത്തുതീർപ്പാക്കാൻ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി 2013 ഡിസംബർ 15 ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും കേസുകൾ ഒത്തുതീർപ്പാക്കാതെ വഞ്ചിച്ചെന്നുമാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസിന്റെ പരാതിയിൽ പറയുന്നത്.