ആഗ്ര: ഫോണ്‍ വഴിയുള്ള തട്ടിപ്പിലൂടെ പണം നഷ്ടമാകുന്നവരുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അത്തരമൊരു കോൾ ഒരമ്മയുടെ ജീവനെടുത്തിരിക്കുകയാണ്. മകളെ കുറിച്ച് വന്ന കോൾ കേട്ട് പരിഭ്രാന്തയായ അധ്യാപികയാണ് ഹൃദയാഘാതം വന്ന് മരിച്ചത്.
ആഗ്രയിലെ സർക്കാർ സ്‌കൂളിൽ അധ്യാപികയായ മാലതി വർമയ്ക്ക് (58) വാട്സ്അപ്പിൽ ഒരു കോൾ വന്നു. പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോട്ടോ ആണ് തെളിഞ്ഞത്. കോളേജിൽ പഠിക്കുന്ന മകൾ സെക്സ് റാക്കറ്റിന്‍റെ ഭാഗമാണെന്നും റെയ്ഡിൽ പിടികൂടിയെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. താൻ പറയുന്ന അക്കൌണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാൽ മകൾ സുരക്ഷിതയായി വീട്ടിലെത്തുമെന്ന് വിളിച്ചയാൾ പറഞ്ഞു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്താതിരിക്കാനും മകൾ സെക്സ് റാക്കറ്റിന്‍റെ പിടിയിലായ കാര്യം പുറത്തറിയാതിരിക്കാനുമാണ് പണം നിക്ഷേപിക്കാൻ പറയുന്നതെന്നും വിളിച്ചയാൾ പറഞ്ഞു.
പരിഭ്രാന്തയായ അധ്യാപിക മകൻ ദിപാൻഷുവിനെ വിളിച്ചു. വിളിച്ചയാളുടെ നമ്പർ അയച്ചുതരാൻ മകൻ അമ്മയോട് പറഞ്ഞു. +92 ൽ തുടങ്ങുന്ന നമ്പർ കണ്ടപ്പോഴേ ഇത് തട്ടിപ്പ് കോളാണെന്ന് മനസ്സിലാക്കിയ ദിപാൻഷു, സഹോദരി പഠിക്കുന്ന കോളജിൽ വിളിച്ച് അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. തട്ടിപ്പ് കോളാണെന്നും മകൾ സുരക്ഷിതയാണെന്നും ആശ്വസിപ്പിച്ചിട്ടും അമ്മ കോൾ വന്നതിന്‍റെ ഷോക്കിലായിരുന്നുവെന്ന് ദിപാൻഷു പറയുന്നു.
സ്കൂളിൽ നിന്ന് അമ്മ തിരികെ വന്നത് ക്ഷീണിതയായിട്ടാണെന്ന് മകൻ പറയുന്നു. കുടിക്കാൻ വെള്ളം വേണമെന്ന് പറഞ്ഞു. പിന്നാലെ ബോധരഹിതയായ അധ്യാപികയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കുടുംബം പരാതി നൽകിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു. അധ്യാപികയ്ക്ക് വന്ന കോളിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.