ഭോപ്പാല്‍: കുനോ ദേശീയ ഉദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനത്തിന് അവസരം നൽകി കേന്ദ്ര സർക്കാർ. നമീബീയയിൽ നിന്നെത്തിച്ച സിയ എന്ന ചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങൾക്കാണ് പേരിടേണ്ടത്. പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ വെബ്സൈറ്റ് പരിശോധിക്കണമെന്ന് കേന്ദ്രം വിശദമാക്കി. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റപ്പുലികളിലൊന്നായ സാഷ കിഡ്നി തകരാറിനേ തുടര്‍ന്ന് ചത്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് നാല് ചീറ്റക്കുഞ്ഞുങ്ങള്‍ പിറക്കുന്നത്.
20 ചീറ്റപ്പുലികളെയാണ് രണ്ട് ബാച്ചുകളിലായി കുനോ ദേശീയ ഉദ്യാനത്തിലേക്ക് എത്തിച്ചത്. 8 എണ്ണം നമീബിയയില്‍ നിന്നും 12 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമാണ് എത്തിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് മത്സരത്തേക്കുറിച്ച് വിശദമാക്കിയത്. പ്രോജക്ട് ചീറ്റയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ടാണ് അമൃത്കാലിന്‍റെ ഭാഗമായുള്ള മത്സരം കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാനും മത്സരത്തിന്‍റെ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ദേശീയ ഉദ്യാനത്തിലെ അധികൃതര് ചീറ്റപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതിനും അഞ്ച് ദിവസം മുന്‍പാണ് ഇവ ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 30 വരെയാണ് മത്സരം നടക്കുക.
ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ നിരീക്ഷിച്ചത്. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചത്. നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ഗർഭമലസിയിരുന്നു. സാഷയുടെ മരണ കാരണം മാനസിക സമ്മർദ്ദം കാരണമെന്ന് വിദഗ്ധർ അറിയിച്ചിരുന്നു. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോഗ്യ പ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ക്രിയാറ്റിൻ അളവ് വർധിച്ചത് വൃക്കകളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തിയിരുന്നു.