ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച സൂരജ് എന്ന ചീറ്റയാണ് ചത്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇവിടെ എട്ട് ചീറ്റകള്‍ക്കാണ് ജീവന് നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുനോയിലെ തേജസ് എന്ന ആണ് ചീറ്റ ചത്തത്. ഇതിന്റെ ശരീരത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17 ന് ആണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. അതില്‍ ആറെണ്ണം വനത്തിലും ബാക്കിയുള്ളവ കുനോയിലുമാണ് ജീവിക്കുന്നത്.