കൊല്ലം: ചെങ്കോട്ടപാതയിൽ ഓടുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നു. കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ഉം 24 ഉം ആയി വർധിപ്പിച്ച് ഓടിക്കാനുള്ള പരീക്ഷണം നടത്തി. ലഖ്നോ ആസ്ഥാനമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ നടത്തിയ പരീക്ഷണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എൽ.എച്ച്.ബി കോച്ചുകൾ ഉള്ള ട്രെയിൻ ഓടിച്ചുള്ള പരീക്ഷണ ഓട്ടമാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്.രണ്ടാം ഘട്ടത്തിൽ ഐ.സി.എഫ് കോച്ചുകൾ പതിനെട്ടോ അതിൽ കൂടുതലോ സ്ഥാപിച്ച് പരീക്ഷണ ഓട്ടം അടുത്തയാഴ്ച നടക്കും. ഇതുകൂടി പൂർത്തിയായാലേ ഏത് തരത്തിലുള്ള കോച്ചുകൾ ഉള്ള ട്രെയിൻ ഓടിക്കണം എന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കൂവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതായി എം.പി പറഞ്ഞു
കൊല്ലം-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ ട്രെയിനുകളിലെ തിരക്ക് വർധിച്ചുവരുകയാണ്. നിലവിൽ സർവിസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളായ എറണാകുളം-വേളാങ്കണ്ണി ബൈ വീക്കിലി എക്സ്പ്രസ്, മധുര-ഗുരുവായൂർ എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി, കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനുകളിൽ 16 കോച്ചുകൾ മാത്രമാണുള്ളത്. ബോഗികളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ശക്തമാണ്.
ഇടമൺ മുതൽ ഭാഗവതിപുരം വരെ ഉള്ള ഗാട്ടു സെക്ഷനിൽ 14 കോച്ചുകൾക്കുപകരം 18ൽ കൂടുതൽ ബോഗികൾ ഉള്ള ട്രെയിൻ ഓടിക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.