ചെന്നൈ: നിയമപ്രകാരം അപേക്ഷിച്ചാൽ തമിഴ്നാട്ടിലെ പൊതുനിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിനോട് നിർദ്ദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിച്ച് പൊലീസിന് അപേക്ഷ നൽകാമെന്ന് കോടതി ആർഎസ്എസിനും നിർദ്ദേശം നൽകി. റൂട്ട് മാർച്ചിൽ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുൾപ്പെട്ട ബഞ്ച് റദ്ദാക്കി. ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കും വിധം സർക്കാരുകൾ പെരുമാറരുതെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ച് നടത്താനുള്ള ആർഎസ്എസിന്‍റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.