തിരുവനന്തപുരം: കെ.സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി വിജയൻ്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു.മാറി മാറി വന്ന ഇടത് സർക്കാർ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താൽപര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേർക്കുമറിയാം. താൻ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം തൻ്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളെ പോലും കരുതൽ തടങ്കൻ എന്ന പേരിൽ പോലീസ് പിടിച്ച് കൊണ്ട് പോകുന്നത്. ബ്രിട്ടിഷ് ഭരണ കാലത്തെ പ്പോലും നാണിപ്പിക്കുന്ന അവസ്ഥയിൽ ആഭ്യന്തര വകുപ്പും പോലീസും തരം താഴ്ന്നിരിക്കുന്നു
ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണു . ഇത് കൊണ്ടൊന്നും സുധാകരനേയോ കോൺഗ്രസിനേയോ തളർത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. നിങ്ങൾ എത്ര കേസുകൾ എടുത്താലും കരുതൽ തടങ്കലും കള്ളകേസുകൾ കെട്ടിച്ചമച്ചാലും ഞങ്ങളെ തളർത്താമെന്നു കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍റെ ഹർജിയിൽ 2016 ൽ കേസിന്‍റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ ഈ മാസം 25 ന് വാദം കേൾക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അറിയിച്ചു.
1995 ൽ ഇ പി ജയരാജനെ കെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജി നേരത്തെ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു.