തിരുവനന്തപുരം: കണ്ണൂർ വിസിനിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരനാകുമെന്ന് ചോദിച്ച ചെന്നിത്തല, രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. പ്രോ ചാൻസലർ പദവി ആലങ്കാരിക പദവി മാത്രമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയ്ക്ക് നൽകാനുള്ള പരാതി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഗവർണർ ചെയ്തത് തെറ്റായ നടപടി തന്നെയാണെന്നും തെറ്റായി പോയി എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെന്നും എന്നാൽ അങ്ങേയറ്റം നിയമവിരുദ്ധമായ നടപടിയാണ് മന്ത്രി ആർ ബിന്ദു ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് മന്ത്രി മാധ്യമങ്ങളെ ഒളിച്ചുനടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ജോലി നൽകിയതിന് ഉള്ള ഉപകാരസ്മരണയാണ് കണ്ണൂർ വിസിയുടെ പുനർനിയമനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെർച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ പരാതിയിലാണ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാൽ ബിന്ദുവിന് പരാതി നിർണായകമാണ്. ചട്ടം ലംഘിച്ച് നൽകിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിൻ്റെ ഭാഗമായാണ് ലോകായുക്തയിൽ പരാതി നൽകുന്നത്. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനഃനിയമനത്തിന് ശുപാർശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാത്രി പറഞ്ഞിരുന്നു.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമർശനം കടുപ്പിച്ചത്. അങ്ങനെ ഉള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണ്. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കിയാണ് നിയമനം നടക്കുന്നത്. പഴയ കമ്മീഷൻ ശുപാർശ ച൪ച്ചയാക്കുന്നത് നിലവിലെ വിഷയങ്ങളെ ലഘൂകരിക്കാനുള്ള ശ്രമമാണെന്നും സതീശന്‍ ആരോപിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവായി മന്ത്രി അയച്ച കത്ത് ഇന്നലെ രാത്രിയോടെ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിവാദത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.