തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം നമ്പർ ഭീരു ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുജനങ്ങൾക്ക് മാത്രമല്ല, പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശകർ ഹൊറർ സിനിമകൾ കാണിക്കണം. അൽപ്പം ധൈര്യം വെക്കട്ടെയെന്ന് ചെന്നിത്തല പരിഹസിച്ചു. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരു*.
പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്
മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം… അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്.
അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക.