മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ കുറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീതയും ഒരുപോലെ എതിര്‍ക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. അതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭൂരിപക്ഷ വര്‍ഗീയതെയും ന്യൂനപക്ഷ വര്‍ഗീയതെയും എതിര്‍ക്കുന്നവരാണെന്നും ചെന്നിത്തല വ്യക്തമാക്കി. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് അധികാരത്തിലെത്തുന്ന എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.