തിരുവനന്തപുരം;’എ.ഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നെന്ന് രമേശ് ചെന്നിത്തല.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും തുറന്ന കത്തില്‍ ചെന്നിത്തല ആരോപിച്ചു
കത്തിന്‍റെ പൂർണ്ണരൂപം
ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്‍റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വന്‍അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തിന്‍റെ വാദ്മീകത്തിൽ ആണ്ടിരുന്ന താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് തടിതപ്പാനാണ് താങ്കള്‍ ശ്രമിച്ചത്. സര്‍ക്കാരിനെതിരെ എന്തെല്ലാം കെട്ടിച്ചമയ്ക്കാന്‍ പറ്റുമോ അതെല്ലാമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അതൊന്നും ഏശുകയില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. താങ്കള്‍ ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കുറച്ച് കറക്ക് കമ്പനികളെ വച്ച് നടത്തിയ വന്‍കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. അവ വസ്തുതാപരമായതിനാലാണ് മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും അവര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തു കൊണ്ടു വരികയും ചെയ്തത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്‍റെ തെളിവുകള്‍ പുറത്തു വരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുറത്തു കൊണ്ടു വന്ന രേഖകളിന്മേല്‍ വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്ത് വന്ന വസ്തുതകളില്‍ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തു വന്ന രേഖകള്‍ താങ്കള്‍ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാണോ എന്ന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.
മുന്‍പൊക്കെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തി വാചക കസര്‍ത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോള്‍ എവിടെപ്പോയി? ഇവിടെ എ.ഐ ക്യാമറയിലെ അഴിമതി പൊതു സമൂഹത്തിന് മുന്നില്‍ പകല്‍ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നത്. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. അതിന് മറുപടി പറയാന്‍ താങ്കള്‍ക്ക് സ്വാഭാവികമായും കഴിയില്ലെന്ന് എനിക്കറിയാം.
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന്‍റേയും പൊതു സമൂഹത്തോടുള്ള പുച്ഛത്തിന്‍റേയും തെളിവാണ്. ഞങ്ങള്‍ എന്ത് അഴിമതിയും നടത്തും, ചോദിക്കാന്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരാ എന്ന ധിക്കാരമണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. സി.പി.എമ്മിന് തുടര്‍ഭരണം ലഭിച്ചതിന്‍റെ അഹന്തയാണിത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടര്‍ഭരണം ലഭിച്ച പശ്ചിമ ബംഗാളിലും തൃപുരയിലും നിങ്ങളുടെ പാര്‍ട്ടി കല്ലിന് മേല്‍ കല്ലില്ലാതെ തകര്‍ന്നടിഞ്ഞത് ഈ അഹന്തയും പൊതു സമൂഹത്തോടുള്ള പുച്ഛവും കാരണമാണെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എ.ഐ ക്യാമറയുടെ മറവില്‍ നടന്നതെന്ന ഇതിനകം പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന രേഖകള്‍ അനുസരിച്ച് വെറും 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമൊക്കെയായി ഉയര്‍ത്തിയത്. പൊതു സമൂഹത്തില്‍ നിന്ന് പിഴ പിരിച്ച് ഏതാനും കറക്കു കമ്പനികള്‍ക്ക് തടിച്ചു കൊഴുക്കാന്‍ അവസരം നല്‍കുകയും അത് വഴി സ്വന്തം കീശ വീര്‍പിക്കാനുമാണ് ഇവിടെ ഭരണക്കാര്‍ നോക്കിയതെന്ന് വ്യക്തം. പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുന്‍പേ അഴിമതി ആസൂത്രണം നടത്തി എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ടെണ്ടര്‍ നടപടികളില്‍ നടന്നത് വ്യക്തമായ ഒത്തുകളിയാണ്. അടിമുടി കൃത്രിമമാണ് നടന്നിരിക്കുന്ത്. ടെണ്ടര്‍ നേടിയ എസ്.ആര്‍.ടി.ഒയും അശോക ബില്‍ഡ്‌കോണും നേരത്തെ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. മറ്റൊരു കമ്പനിയായ അക്ഷരയക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. ബിസിനസ് പങ്കളാത്തമുള്ള കമ്പനികള്‍ ടെണ്ടറില്‍ ഒത്തുകളിക്കുന്നത് കുറ്റകരമാണ്. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് (സി.സി.ഐ) ഇതില്‍ ഇടപെടാനും ശിക്ഷ വിധിക്കാനുമാവും. പദ്ധതിയുടെ അടിസ്ഥാനമായ ഈ ടെണ്ടര്‍ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഈ ടെണ്ടര്‍ അടിയന്തിരമായി റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ഇടപാടില്‍ കൊള്ള ലാഭം കൊയ്ത പ്രസാദിയോക്ക് താങ്ങളുടെ പാര്‍ട്ടിയുമായി എന്താണ് ബന്ധമെന്ന വെളിപ്പെടുത്താന്‍ മുഖ്യമന്ത്രീ താങ്കള്‍ തയ്യാറാണോ? പ്രസാദിയക്ക് താങ്കളുടെ ബന്ധുവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കള്‍ക്ക് പറയാനാവുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും പ്രസാദിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടന്‍സ് താങ്കള്‍ക്ക് വിശദീകരിക്കാനവുമോ? അഞ്ചു വര്‍ഷം മുന്‍പ് മത്രം രൂപീകരിച്ച പ്രസാദിയോക്ക് സര്‍ക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാദിയോ എങ്ങനെ ഇത്രയും വളര്‍ന്നു വലുതായി. എ.ഐ ക്യാമറാ പദ്ധതിയില്‍ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കളില്‍ നിക്ഷിപ്തമാണ്. എല്ലാം കെട്ടിച്ചമച്ചതാണെന്നും അത് ഏശില്ലെന്നും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ല. കാരണം പൊതു ജനങ്ങളുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെടുന്നത്.
ഏറ്റവും ഒടുവില്‍ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ?
ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ കിട്ടിയ പരാതിയില്‍ നടപടി എടുക്കാതെ അതിനമേല്‍ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്ത വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്. അഴിമതി തേച്ചു മാച്ചു കളയുന്നതിനുള്ള അന്വേഷണമാണ് ഇത്. ഇപ്പോള്‍ മറ്റൊരു വകുപ്പിലെ വിജിലന്‍സ് അന്വേഷണത്തെ എ ഐ ക്യാമറയുടതെന്ന തരത്തിൽ ബോധ പൂർവ്വം പുകമറ സൃഷ്ടിക്കാനെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. ഇത്തരം പൊടിക്കൈകള്‍ കൊണ്ട് ഈ വന്‍അഴിമതിയെ മൂടി വയ്ക്കാമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് താങ്കള്‍ ഓര്‍ക്കണമെന്ന് മാത്രം ഇപ്പോള്‍ പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു