കൊച്ചി : ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയ തുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ലെന്ന് ഹൈക്കോടതി. 20000 രൂപയ്ക്കുമേലുള്ള തുക വായ്‌പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുള്ള ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് പി.വി.കുഞ്ഞി കൃഷ്ണൻ്റെ ഉത്തരവ്. ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ പൂർത്തിയായ കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. ആരെങ്കിലും 20000 രൂപയ്ക്കു മേലുള്ള തുക ആദായനികുതി നിയമത്തിനു വിരുദ്ധമായി മറ്റൊരാൾക്ക് നൽകിയിട്ട് വായ്പയ്ക്ക് പകരം ചെക്ക് സ്വീകരിച്ചാൽ പണം തിരിച്ചു ലഭിക്കുന്നതിന്റെ ഉത്തരവാദിത്തം പണം നൽകിയയാൾക്കാണ്. അല്ലെങ്കിൽ അത്തരത്തിലുള്ള ഇടപാടിന് സാധുവായ വിശദീകരണം നൽകണം. പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മുടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പത്തനംതിട്ട സ്വദേശി പി.സി.ഹരിയാണ് ഹർജി നൽകിയത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്ട്രേട്ട് കോടതി നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് നിയമ പ്രകാരമുള്ള കുറ്റത്തിന് ഉൾപ്പെടെ ഹർജിക്കാരനെ ഒരു വർഷം സാധാരണ തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇത് അഡീഷനൽ സെഷൻസ് കോടതി ശരിവെച്ചു. തുടർന്നാണു ഹൈക്കോടതിയിൽ പരാതി നൽകിയത്. ആദായനികുതി വകുപ്പ് 269 എസ് എസ് പ്രകാരം 20,000 രൂ പയിൽ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴിയെ കൈമാറാവൂ എന്ന് വ്യക്തമാക്കുന്നതിനാൽ നിയമവിരുദ്ധ പണം കൈമാറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതല്ലെങ്കിൽ പണമായി നൽകാനുള്ള കാരണം വ്യക്തമാക്കണം അതല്ലാത്ത ഇടപാടുകൾക്ക് സാധൂകരണം നൽകുന്നത് നിയമവിരുദ്ധ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും കോടതിയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥിതിയിലേക്ക് അത് മാറും. അക്കൗണ്ട് പേചെക്ക്, അക്കൗണ്ട് പേ ബാങ്ക് ഡ്രാഫ്റ്റ് അതല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ യിലൂടെ മാത്രമേ 20,000 രൂപയിലേറെയുള്ള തുക കൈമാറാനാ കൂയെന്നും കോടതി വ്യക്തമാക്കി.