തിരുവനന്തപുരം: കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സാമൂഹ്യ വിപത്തായ ദുരാചാരങ്ങളെ വളർത്തുന്നത്. സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ-മത ശക്തികൾ ആത്മ പരിശോധന നടത്തി ഹിംസാത്മകവും ചൂഷണപരവുമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ആശയ പ്രചരണം നടത്തണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഇലന്തൂരില്‍ ഇരട്ട നരബലി നടന്നത്. സംഭവത്തിലെ പ്രതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഷാഫിയും പോലീസ് പിടിയിലായി. പത്മ, റോസിലി എന്നീ സ്ത്രീകളാണ് നരബലിക്ക് ഇരകളായത്. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായ യുവതികളെ, പ്രതികള്‍ വെട്ടി നുറുക്കി കുഴിച്ചു മൂടുകയായിരുന്നു. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പ്രതികളെ രണ്ടാഴ്‍ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റിയിട്ടുണ്ട്.
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഇവരില്‍ നിന്നുണ്ടായി . സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.