കൊച്ചി: ക്ഷേത്രോത്സവങ്ങള്‍ക്കിടയില്‍ അശ്ലീല ഗാനങ്ങള്‍ പാടാനും ഡാന്‍സ് കളിക്കാനും അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ചേര്‍ത്തല കാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളല്‍, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ചേര്‍ത്തല സ്വദേശി ഇ കെ സിനില്‍ കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നാലമ്പലത്തിന് മുന്‍വശത്തുള്ള ആനക്കൊട്ടിലില്‍ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു ധരിച്ചും ക്ഷേത്രത്തില്‍ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച് ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ എല്ലാ ഭക്തര്‍ക്കും നിര്‍വഹിക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.