മുംബൈ: ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈയിലെ പ്രത്യേക കോടതി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2001 മേയ് നാലിനാണ് മുംബൈയിലെ ഗംഗാദേവിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്ന ജയ ഷെട്ടി കൊല്ലപ്പെട്ടത്. ഛോട്ട രാജന്റെ സംഘത്തിൽ നിന്ന് ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ഷെട്ടിക്ക് പൊലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ അക്രമം നടക്കുന്നതിന് രണ്ടുമാസം മുമ്പ് തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഷെട്ടി ആവശ്യപ്പെട്ടു. അക്രമിസംഘത്തിലെ രണ്ടുപേർ ഹോട്ടലിന്റെ ഒന്നാംനിലയിൽ വെച്ച് ഷെട്ടിക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
2015ൽ ബാലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ ഛോട്ട രാജൻ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്. തിഹാർ ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടാംനമ്പർ മുറിയിലാണ് അയാൾ. ഒരിക്കൽ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായി കണക്കാക്കപ്പെട്ടിരുന്ന ഛോട്ടാ രാജൻ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്ക് ശേഷം ദാവൂദുമായുള്ള ബന്ധം വേർപെടുത്തി.