ദില്ലി: രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീകോടതി. മറ്റൊരു കേസുമായി ബന്ധപ്പെട്ട വാദത്തിനാണ് അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജി കോടതിയിലെത്തിയത്. കയ്യില്‍ ബാന്‍ഡേജുമായി എത്തിയപ്പോഴാണ് കൈയില്‍ എന്തു സംഭവിച്ചതാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചത്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന്‍ മറുപടി നൽകുകയായിരുന്നു. ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു.
തെരുവുമായ പ്രശ്നം ഗുരുതരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തെരുവുനായ പ്രശ്നത്തിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ മാസം 20ന് ഈ ഹർജികൾ പരിഗണിക്കും. മറ്റൊരു കേസിന്റെ ഇടയിലാണ് തെരുവുനായ പ്രശ്നം ഉന്നയിച്ചതെങ്കിലും ഈ കാര്യം പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.
തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ കേരളത്തിൽ കണ്ണൂരിലെ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ നേരത്തെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തര നടപടി ഈക്കാര്യത്തിൽ കോടതിയിൽ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനോട് സംഭവം നിര്‍ഭാഗ്യകരമായെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രതികരിച്ചിരുന്നു. തെരുവുനായ പ്രശ്നം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കുട്ടി മരിച്ച കാര്യം പരാമർശിച്ചത്.