ജയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ വേണ്ടിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നതായും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൂടുതൽ അന്വേഷണം നടത്തും. അന്വേഷണത്തിൽ രാജസ്ഥാൻ ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) പൂർണമായി സഹകരിക്കും. പൊലീസും ഭരണകൂടവും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം’– അലോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ (48) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തുകയായിരുന്നു.