തിരുവനന്തപുരം: പ്രശസ്ത സിനിമ സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്’ എന്നാണ് മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുബിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ‘അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു’ എന്ന് അനുശോചനക്കുറിപ്പിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി സുരേഷ്. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം.
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. 41 വയസായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.
മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്
ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
വി. ശിവൻകുട്ടിയുടെ അനുശോചനക്കുറിപ്പ്
നടിയും അവതാരകയുമായ സുബി സുരേഷ് തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു. വേഷങ്ങൾ ചെയ്യുമ്പോൾ ഹാസ്യം സ്വയംതന്നെ ആസ്വദിച്ചിരുന്നു എന്ന് സുബിയുടെ കഥാപാത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാം. ആദരാജ്ഞലികൾ