എറണാകുളം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി, നിയമസഭാ സാമാജികൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എറണാകുളം ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ടി.എച്ച് മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 14 വർഷം അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നയിച്ചു. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഡിസിസി അധ്യക്ഷൻ, കെപിസിസി ഭാരവാഹി, എംഎൽഎ, മന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിയ നേതാവായിരുന്നു ടി.എച്ച് മുസ്തഫ.
മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു ടി.എച്ച് മുസ്തഫ. ടി.എച്ച് മുസ്തഫയുടെ നിര്യാണം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മറൈന്‍ഡ്രൈവില്‍ അദ്ദേഹം നടത്തിയ നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. കെ കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ ഭരണ രംഗത്തും മികവ് പുലര്‍ത്തിയ അദ്ദേഹം എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്രതിസന്ധി ഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് മുന്നില്‍ നിന്ന് നയിച്ച നേതാവാണ് അദ്ദേഹം. ജനപക്ഷ നിലപാടുകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ദീര്‍ഘ നാളത്തെ ആത്മബന്ധമാണ് തനിക്ക് ടി.എച്ച് മുസ്തഫയുമായി ഉണ്ടായിരുന്നത്. ടി.എച്ച് മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.