മലപ്പുറം: മലപ്പുറത്ത് കൂടുതൽ സ്വർണ കടത്തെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിമാനത്താവളം അവിടെ ആയതിനാലാണ് മലപ്പുറത്ത് കൂടുതൽ കേസ് വരുന്നത്. സ്വർണം കടത്തുന്നതിൽ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ട്. മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അൻവറും മുസ്ലിം ലീഗും രംഗത്തെത്തിയതിന് പിന്നാലെയാണ് റിയാസിൻ്റെ പ്രതികരണവും വന്നത്.
മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം. യുഡിഎഫിന്റെ സ്ലീപ്പിംഗ് പാർട്ണറായി പ്രവർത്തിക്കുകയാണ് ജമാ അത്തെ ഇസ്ലാമി. അവരാണ് പല പ്രചാരണങ്ങളും കൊണ്ട് വരുന്നത്. കേരളത്തിൽ കഴിഞ്ഞ 8 വർഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് അജണ്ട ഉണ്ടാക്കുന്നത്. യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി – കനഗോലു സഖ്യം ന്യൂന പക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് പറഞ്ഞു.
പിണറായിയുടെ ഹിന്ദു പത്രത്തിലെ ലേഖനത്തിനെതിരെ പ്രതികരണവുമായി അൻവർ വീണ്ടും രംഗത്തെത്തിയിരുന്നു. മാറുന്ന പിണറായിയുടെ മുഖമാണ് കണ്ടത്. എന്തുകൊണ്ട് മലയാള പത്രങ്ങൾക്ക് നൽകാതെ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകി?. മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ദില്ലിയിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുസ്ലിം വിരോധം പരസ്യമായി പറയുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.
സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണം. എം സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പ്രതിനിധികളെ ഇറക്കുന്ന ക്യാപ്റ്റൻ ഇതൊക്കെ ആലോചിക്കണം. സംവിധാനങ്ങളാകെ വഷളാക്കരുത്. സ്വർണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണം. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത്. സിപിഎമ്മിന് ആർഎസ്എസ് ബന്ധത്തിലേക്ക് പോകണം. ഇതിനൊരു കാരണമുണ്ടാക്കുകയാണ്. സർക്കാരിൻ്റെ ജനദ്രോഹ നടപടികളാണ് തെരെഞ്ഞെടുപ്പിൽ വലിയ തോൽവിയുണ്ടാക്കിയതെന്നും അൻവർ പറഞ്ഞു.