കോഴിക്കോട് : അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകും എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന് നമ്മൾ ഒറ്റക്കെട്ടാണ്. അതാണ് രാജ്യത്തിനും ലോകത്തിനും മാതൃക. കെടുതികളിൽ നിന്ന് ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിലൊന്ന് കൊച്ചി വാട്ടർ മെട്രോയാണ്. അത് നമ്മുടെ സ്വന്തം പദ്ധതിയാണ്. രാജ്യത്തിന് തന്നെ മാതൃക ആയ പദ്ധതി സൃഷ്ടിക്കാൻ നമുക്കായി. ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃകയാകും. ഇതെല്ലാം കേരളം കൂടുതൽ വേഗതയിൽ മുന്നോട്ട് പോകുന്നു എന്ന കാഴ്ചയാണ്. വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണം. മറ്റു കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും. അത് മാറ്റി വച്ച് നാളത്തെ നാടിനായി ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.