തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ഗവർണർ നാളെ സംസ്ഥാനത്തു മടങ്ങി എത്തും. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധു ആയതോടെ സർക്കാർ സമ്മർദത്തിൽ ആണ്. അതെ സമയം സർക്കാർ ഒപ്പിടാൻ സമർപ്പിച്ച ഓർഡിനേൻസുകൾ ഇത് വരെ രാജ് ഭവൻ തിരിച്ചു അയച്ചിട്ടില്ല.ഇത് മൂലം വീണ്ടും പുതിയ ഓർഡിനേൻസ് കൊണ്ട് വരാനും പ്രയാസമാണ്. ഗവർണ്ണർ ഉടക്കി നിൽക്കുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭ യോഗം ചർച്ച ചെയ്യാൻ സാധ്യത ഉണ്ട്
ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാറിനെ സമ്മർദ്ദത്തിലാക്കിയ ഗവർണ്ണറുമായി ഏറ്റുമുട്ടാതെ അനുനയിപ്പിക്കാൻ ആണ് നീക്കം. മുഖ്യമന്ത്രി ഗവർണ്ണറെ നേരിട്ട് കണ്ട് സമവായ ചർച്ച നടത്തിയേക്കും. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസ് നീട്ടിക്കൊണ്ട് പോകാനും സർക്കാർ ആലോചിക്കുന്നു. അതേസമയം ഗവർണ്ണർ ഇതുവരെ അയയുന്നതിൻറെ സൂചന നൽകുന്നില്ല.
ഒപ്പിട്ടാൽ ഉടൻ ഓർഡിനൻസ് പുതുക്കിയിറക്കാൻ കഴിഞ്ഞ ദിവസം അർധ രാതിവരെ സർക്കാർ ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും ഗവർണ്ണർ ഒരിഞ്ചും വിട്ടുവീഴ്ച ചെയ്തില്ല. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിൻസുകളാണ് ഇന്നലെയോടെ അസാധുവായത്, ഇതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലുമായി.
ഓര്‍ഡിനൻസ് കാലാവധി കഴിഞ്ഞതോടെ ലോകായുക്ത പഴയ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഗവർണ്ണർ ഏറ്റുമുട്ടുമ്പോൾ സർക്കാർ പിന്നോട്ട് പോയി അനുനയ ലൈനിലാണ്. ഗവർണ്ണറെ പ്രകോപിപ്പിക്കാതെ പതിവ് പോലെ അനുരജ്ഞന സാധ്യത തേടുകയാണ് സർക്കാർ. ദില്ലിയിൽ നിന്നും അടുത്ത ദിവസം കേരളത്തിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി കാണാനാണ് ശ്രമം.
ഗവർണ്ണറെ പ്രകോപിപ്പിച്ച വിസി നിയമന ഭേദഗതി ഓർഡിനൻസിൽ നിന്നും തൽക്കാലം സർക്കാർ പിന്നോട്ടുപോയേക്കും. അടുത്ത കാബിനറ്റിൽ ഓർഡിനൻസ് ഇറക്കാനായിരന്നു മുൻ ധാരണ. കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല പ്രതിനിധിയെയും ഉടൻ നിർദ്ദേശിച്ചേക്കും. ഉടൻ സഭാ സമ്മേളനം വിളിച്ച് ഓർഡിനൻസുകൾക്ക് പകരം ബിൽ അവതരിപ്പിക്കുമെന്ന ഉറപ്പ് വീണ്ടും ഗവർണ്ണർക്ക് നൽകും.
ലാപ്സായ ഓർഡിനൻസുകൾ ഒന്നുകിൽ ചെറിയ ഭേദഗതികളോടെ പുതുക്കി ഇറക്കാം. അല്ലെങ്കിൽ സഭാ സമ്മേളനം ചേർന്ന് ബിൽ പാസ്സാക്കാം. രണ്ടായാലും ഗവർണ്ണർ ഒപ്പിടണം. സർക്കാർ സമവായ സാധ്യത തേടുകയാണെങ്കിലും ഗവർണ്ണർ ഇപ്പോഴും ഉടക്കിൽ തന്നെയാണ്. നിരന്തരമായി ഓർഡിനൻസുകൾ പുതുക്കി ഇറക്കുന്ന രീതിക്കെതിരെ ആരിഫ് മുഹമ്മദ് ഖാനുള്ളത് കടുത്ത അതൃപ്തിയാണ്. സർക്കാറിൻറെ പ്രതീക്ഷ തെറ്റിച്ച ഗവർണ്ണർ അനുനയത്തിന് തയ്യാറായില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും.