തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ സുതാര്യമായ പൊതുജീവിതം നയിച്ച, അവരുടെ മുഴുവൻ വിശ്വാസ്യതയും ആർജിച്ച ഉമ്മൻ ചാണ്ടിക്ക് നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയാൻ തട്ടിപ്പുകാരിയുടെ കത്തുകൾ ഉപയോഗിച്ചവർ മാപ്പ് പറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നട്ടാൽ കുരുക്കാത്ത പച്ചക്കള്ളങ്ങളുടെ പേരിൽ ലോകത്തെവിടെയും കേൾക്കാത്ത ക്രൂരമായ വേട്ടയാടലുകൾക്ക് ഉമ്മൻ ചാണ്ടി ഇരയായി എന്നത് കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ നിയമസഭക്കകത്ത് എത്ര വലിയ അവഹേളനമാണ് നേരിടേണ്ടി വന്നതെന്ന് സഭയിലുണ്ടായിരുന്നവർക്ക് ഓർമയിലുണ്ടാകും. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പോലുള്ളവർ ഏറ്റവും ഹീനമായ തരത്തിൽ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തി. സി.ബി.ഐ റിപ്പോർട്ട് പുറത്തുവന്നിരിക്കുമ്പോൾ കോടതി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനെന്ന് വിളിക്കുമ്പോൾ വേട്ടയാടലുകൾക്ക് നേതൃത്വം നൽകിയവരും പങ്കുചേർന്നവരും അദ്ദേഹത്തോട് മാപ്പെന്ന് പറയാതെ ഈ സഭയിൽ ഈ ചർച്ച അവസാനിക്കരുതെന്നാണ് ഞങ്ങളുടെ അഭ്യർഥന’, ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകൾ തകർത്ത കല്ല് നെഞ്ചിലും നെറ്റിയിലും പതിച്ച് മുറിവേറ്റിട്ടും എന്റെ പേരിൽ ഹർത്താൽ വേണ്ടെന്ന് ആർജവത്തോടെ പറഞ്ഞ ഒരു ഭരണാധികാരിയാണ് കള്ളക്കഥകളുടെ പേരിൽ വേട്ടയാടപ്പെട്ടത് എന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. ഒരു രാഷ്ട്രീയ ദുരന്തമാണ് സോളാർ തട്ടിപ്പ് കേസ്. തന്റെ ഭരണത്തിന്റെ ഇടനാഴിയിൽ അവതാരങ്ങൾക്ക് റോൾ ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി, അധികാരമേറ്റ് മൂന്നുദിവസത്തിനുള്ളിൽ ഒന്നാം നമ്പർ അവതാരത്തെ സ്വന്തം ഓഫിസിൽ വിളിച്ചുവരുത്തി ഒരുതട്ടിപ്പുകാരിയുടെ കൈയിൽ നിന്നും പരാതി എഴുതിവാങ്ങാൻ വ്യഗ്രത കാണിച്ചു. ഒരു സ്ത്രീയുടെ പരാതിയായതുകൊണ്ടാണ് എഴുതിവാങ്ങിയതെന്നും അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും പറയുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രിയെ കാണാൻ വന്ന മറ്റൊരു സ്ത്രീയെ എങ്ങനെയാണ് പരിഗണിച്ചതെന്ന് കണ്ടതാണ്. ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്റെ അമ്മ മുഖ്യമന്ത്രിയെ കാണാൻ വന്നപ്പോൾ തിരുവനന്തപുരത്തിന്റെ തെരുവിൽ പിണറായി വിജയന്റെ പൊലീസ് അവരെ വലിച്ചിഴച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളതെന്ന് ആർക്കെങ്കിലും സംശയം പറയാൻ കഴിയുമോ. ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഷാഫി പറമ്പിൽ സഭയിൽ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൈബർ ലിഞ്ചിങ്ങിന്റെ തുടക്കം സോളാർ കേസിൽനിന്നാണെന്ന് ചരിത്രം പരിശോധിക്കുന്ന ആർക്കും മനസ്സിലാകും. ഇങ്ങനെ ആക്ഷേപിക്കപ്പെടേണ്ട ഒരാളായിരുന്നോ ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരളീയ പൊതുസമൂഹം ഈ ക്രൂരതക്ക് നിങ്ങൾക്ക് മാപ്പുനൽകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.