ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രമന്ത്രി അമിത് ഷാ തുടക്കം കുറിച്ചതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭാസത്തിനുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രസിദ്ധീകരണം ഞായറാഴ്ചയാണ് അമിത് ഷാ നിർവ്വഹിക്കുക. ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക് പോലും തോന്നുന്നു, സ്വത്ത് വിറ്റാലും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന്. ഇംഗ്ലീഷ് അറിയാത്തതിനാൽ ഒരു വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് താൻ കണ്ടതാണ്. തങ്ങളുടെ കുട്ടികളുടെ, ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണമെന്നും ഭാഷയിൽ അഭിമാനം തോന്നുകയും അത് എളുപ്പത്തിൽ അംഗീകരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭോപ്പാലിൽ നിന്ന് ഒരു പുതിയ യുഗം ആരംഭിക്കുകയാണ്, സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നൽകാനുള്ള നീക്കത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓരോ ഗ്രാമത്തിനും ഒരു ഡോക്ടറെ വേണം. എന്താണ് പ്രശ്നം? ഹിന്ദിയിൽ കുറിപ്പടി എഴുതും. ക്രോസിൻ എന്ന മരുന്ന് എഴുതേണ്ടി വന്നാൽ കുറിപ്പിന് മുകളിൽ ശ്രീ ഹരി എന്ന് എഴുതിയിട്ട് ഹിന്ദിയിൽ എഴുതും,” അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറാൻ പോകുകയാണ്, ഇത് ഒരാളുടെ മാതൃഭാഷയിൽ അഭിമാനം സ്ഥാപിക്കാനുള്ള പരിപാടിയാണെന്നും ആളുകളുടെ ചിന്താഗതി മാറ്റുന്നതിനുള്ള നാഴികക്കല്ലായ സംഭവമാണെന്നും ചൗഹാൻ പറഞ്ഞു.
അതേസമയം, ഞായറാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് ബിജെപി സർക്കാരിന്റെ ഒരുക്കങ്ങളെ പരിഹസിച്ചു. അമിത് ഷാ ഒരു ബഹുജന നേതാവാണെങ്കിൽ, പരിപാടിക്ക് വിദ്യാർത്ഥികളെ അയക്കാൻ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തരവിടേണ്ടതിന്റെ ആവശ്യം എന്താണ്? വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും പങ്കെടുത്തില്ലെങ്കിൽ സെമസ്റ്റർ കടത്തിവിടില്ലെന്ന ഭീഷണിപ്പെടുത്തുതയും ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കോണ്ഗ്രസ് മാധ്യമ വിഭാഗം ചെയർപേഴ്‌സൺ കെ കെ മിശ്ര പറഞ്ഞു.
ആരോപണങ്ങളുന്നയിക്കുന്ന കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നാണ് സംസ്ഥാന ബിജെപി വക്താവ് പങ്കജ് ചതുർവേദി പ്രതികരിച്ചത്. “ഹിന്ദിയിൽ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി എംപി മാറാൻ പോകുന്നു. ഇതൊരു വലിയ നേട്ടമാണ്. ഒരു സ്ഥാപനത്തെയും വിദ്യാർത്ഥികളെയും പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചിട്ടില്ല . ഈ പരിപാടിയിൽ പങ്കെടുക്കാൻ അവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു”. ചതുർവേദി പറഞ്ഞു.