ദില്ലി: അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രഡിന്‍റാകുന്ന സാഹചര്യത്തില്‍ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കങ്ങളുമായി സച്ചിൻ പൈലറ്റ്. ഗെലോട്ടിന്‍റെ ഒഴിവില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിരുന്നു. രാജസ്ഥാന്‍ എംഎൽഎമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടി. ഗലോട്ടിന്‍റെ അടുത്തയാളും നോമിനിയുമായ സ്പീക്കർ സി പി ജോഷിയുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, അധികാരക്കൊതിയില്ലെന്ന് ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനുള്ള താൽപര്യം തെറ്റിദ്ധരിക്കപ്പെട്ടു. ഏത് പദവിയിലെത്തിയാലും മനസ്സിലുള്ളത് രാജസ്ഥാന്‍ എന്ന ആഗ്രഹം. എന്നാൽ മാധ്യമങ്ങൾ അധികാരക്കൊതിയനായി ചിത്രീകരിക്കുന്നുവെന്നും ഗെലോട്ട് പ്രതികരിച്ചു.
നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാന്‍ താന്‍ തയ്യാറാണെന്ന് ഗെലോട്ട് അറിയിച്ചിരുന്നു. എന്നാല്‍, ഇരട്ടപ്പദവി അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ ഗെലോട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെലോട്ടിന്‍റെ ആവശ്യവും ഹൈക്കമാന്‍ഡ് തള്ളി.
ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്.
സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്ത് വരരുതെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള ഗെലോട്ടിന്‍റെ നീക്കത്തില്‍ കോണ്‍ഗ്രസിലാകെ അതൃപ്തിയുണ്ട്. ഗെലോട്ടിന്‍റെ നിലപാട് ഇരട്ടപദവിക്കെതിരെ നിലപാടെടുത്ത ഉദയ് പൂര്‍ ചിന്തന്‍ ശിബിരത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെയാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു.