ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി മേഖലയിലെയും രാജ്യത്തെ വിവിധ ഭാഗങ്ങളിലെയും പ്രളയത്തിന് കാരണമായ മേഘവിസ്ഫോടനം വിദേശ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഭദ്രാചലത്തിലേക്കുള്ള പര്യടനത്തിനിടെ റാവു മാധ്യമപ്രവർത്തകരോട് ഇത്തരം ഒരു അഭിപ്രായം പങ്കുവച്ചത്. “മേഘസ്ഫോടനം എന്ന പുതിയ പ്രതിഭാസമുണ്ട്. ചില ഗൂഢാലോചന ഉണ്ടെന്ന് ആളുകൾ പറയുന്നു, അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ബോധപൂർവം ചെയ്യുന്നതാകാം ഇത്.
നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി. പണ്ട് അവർ അത് കശ്മീരിന് സമീപം, ലഡാക്ക്-ലേ, പിന്നെ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ചെയ്തു. ഇപ്പോൾ ഗോദാവരി മേഖലയിൽ അവർ അത് ചെയ്യുന്നതായി ചില റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. മേഘവിസ്ഫോടനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാവുന്ന വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയാണ്. ഏകദേശം 20 മുതൽ 30 ചതുരശ്ര കിലോമീറ്റർ വരെയുള്ള ഭൂ പ്രദേശത്ത് മണിക്കൂറിൽ 100 മി.മീ (അല്ലെങ്കിൽ 10 സെ.മീ) കവിയുന്ന അപ്രതീക്ഷിത മഴ എന്നാണ് ഇതിനെ നിര്‍വചിക്കുന്നത്.
പര്യടനത്തിൽ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറും സർക്കാരിന്‍റെ കർഷക ക്ഷേമ പദ്ധതി ചെയർമാൻ പല്ല രാജേശ്വരും ഋതു ബന്ധുവും മുഖ്യമന്ത്രിയുടെ അഭിപ്രായം കേട്ട് വേദിയിൽ ഉണ്ടായിരുന്നു. ഒരാഴ്ചയോളം തുടർച്ചയായി പെയ്യുന്ന മഴ തെലങ്കാനയിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിലാണ്. ക്ഷേത്രനഗരമായ ഭദ്രാചലത്തിൽ ജലനിരപ്പ് 70 അടിയായിരുന്നു 53 അടിയാണ് ഇവിടുത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഇന്ന് മഴയ്ക്ക് ശമനം ഉണ്ടായപ്പോള്‍ വെള്ളത്തിന്‍റെ നിരപ്പ് കുറഞ്ഞു 60 അടിയായി.
പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഭദ്രാചലത്തെത്തി, അവിടെ അല്ലെങ്കിൽ ഗോദാവരി നദിക്ക് “ശാന്തി പൂജ” നടത്തി. തുടർന്ന് അദ്ദേഹം എടൂർനഗരം സന്ദർശിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാർ, എംഎൽഎമാർ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി കെസിആര്‍ അവലോകന യോഗം നടത്തി. പ്രളയബാധിതർക്ക് മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കാനും ആവശ്യത്തിന് മരുന്നും ഭക്ഷണവും വിതരണം ചെയ്യാനും നേതൃത്വം നല്‍കാന്‍ ധനമന്ത്രി ഹരീഷ് റാവുവിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.