തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരിൽ രാഷ്ട്രീയ വേട്ടക്ക് ഇഡി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്. കരുവന്നൂരിലെ സംഭവങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണുന്നത്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബഹു ഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റ സഹകരണ മേഖല ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. സഹകരണ മേഖല തകർക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. നോട്ട് നിരോധന കാലത്തും ഇത് കണ്ടു. കരുവന്നൂരിൽ ആദ്യം ക്രമക്കേട് കണ്ടെത്തിയത് കേന്ദ്ര ഏജൻസികളാണ്. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോയുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇഡിക്ക് പല ഉദ്ദേശങ്ങളും കാണുമെന്നും പിണറായി വിജയന്‍ പറഞ്ഞു.