കൊല്ലം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്ഐ ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ തല്ലിയ സംഭവത്തിൽ ഒടുവിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായി. തന്റെ ഗൺമാൻ പ്രതിഷേധക്കാരെ തല്ലുന്നത് ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.കണ്ടകാര്യം ആണ് പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്‌ക്കോർട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റിലുളള പ്രതികരണം.
ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ ചോദ്യത്തോരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനം ആരംഭിച്ചത്. ഇന്നലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വാർത്താ സമ്മേളനം നിർത്തിയെന്ന പ്രചാരണം തെറ്റാണെന്നും. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.