തിരുവനന്തപുരം : കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കോട്ടയം പ്രദീപിന്റെ അന്ത്യം. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരും.
അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡിശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് കോട്ടയം പ്രദീപ്. കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും യുവജനോത്സവത്തിലും സജീവമായി. എകാങ്കനാടകം, പാട്ട്, ഡാന്‍സ്, തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. കോട്ടയം തിരുവാതുക്കല്‍ രാധാകൃഷ്ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന പ്രദീപ് പതിയെ സിനിമയിലേക്കുമെത്തി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്.
1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ വിണ്ണൈ താണ്ടി വരുവായ, രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.