തിരുവനന്തപുരം : തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിപ്പ ബാധിച്ച് ലിനി മരണപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്.
‘സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്‍റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്- മുഖ്യമന്ത്രി പിണറായി വിജയന്‍ ലിനിയെ അനുസ്മരിച്ച് ഫേ്ബുക്കില്‍ കുറിച്ചു.
മറ്റൊരു മഹാമാരിയിൽ നിന്നും പൂർണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞജലികൾ അർപ്പിക്കുന്നു- പിണറായി കുറിച്ചു.