തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികൾ നാടിന്‍റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്‍റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
സാഹോദര്യത്തിന്‍റേയും സ്നേഹത്തിന്‍റേയും സമത്വത്തിന്‍റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. തന്‍റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കുവെച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുന്നു – ഗവര്‍ണർ ആശംസയില്‍ പറഞ്ഞു.