തിരുവനന്തപുരം: തദേശ ദിനാഘോഷം തൃത്താല ചാലിശേരിയില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം. ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 നി നടക്കുന്ന പരിപാടിയിൽ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ചടങ്ങില്‍ ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങും നടക്കും. നാല് സെഷനുകളാണ് പ്രധാനമായും ആദ്യദിനം നടക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, അതിദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാൻ നിര്‍വഹണവും മോണിറ്ററിംഗും, പ്രാദേശിക സാമ്പത്തിക വികസന- തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വകേരളം-തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമകള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കലിലെ സെഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. 19ന് പ്രതിനിധി സമ്മേളനം മന്ത്രി എം. ബി രാജേഷ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. തനത് വിഭവ സമാഹരണം- നിലവിലെ സ്ഥിതിയും സാധ്യതകളും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും.
തദേശ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. വിപുലമായ പ്രദര്‍ശനം നാളെ ആരംഭിക്കും. ഏകോപിത വകുപ്പ് ഫലത്തില്‍ യാഥാര്‍ഥ്യമായതിന് ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. വെറുമൊരു ആഘോഷം എന്നതില്‍ കവിഞ്ഞ്, ഗൗരവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തദേശ ദിനാഘോഷം വേദിയാകും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
തദേശ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, പ്രിൻസിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, ഡയറക്ടര്‍ റൂറല്‍ എച്ച് ദിനേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.