വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ നീളുന്ന പ്രകൃതി സൗഹൃദ തുരങ്ക പാത നിര്‍മിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖത്തെ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ഭൂമി ഏറ്റെടുത്തെന്നും ഇതിന്റെ ഭാഗമായി ഔട്ടര്‍ റിങ് റോഡ് വികസിപ്പിക്കാന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അപൂര്‍വതകളില്‍ അപൂര്‍വമായ സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ജനങ്ങള്‍ വലിയ തോതില്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിസന്ധിയേയും ഐക്യത്തോടെയും കൂട്ടായ്മയോടെയും മറികടക്കുമെന്ന് നമ്മള്‍ തെളിയിച്ചു. വികസിത കേരളമാണ് എല്ലാവരുടേയും ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.