തിരുവനന്തപുരം : ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍ഡിആര്‍എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കും പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലമ്പുഴയിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. എല്ലാ ദൗത്യ സംഘങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മകളുടേയും വലിയ വിജയമാണ് ഈ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ കുറേ മണിക്കൂറുകളായി ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയായിരുന്നു. പാലക്കാട് ജില്ലാ കളക്ടറുടെ ശക്തമായ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളും കോസ്റ്റ് ഗാര്‍ഡും, റവന്യു, പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. മന്ത്രി പറഞ്ഞു.
പലവിധ മാര്‍ഗ്ഗങ്ങളും ഇതിനോടകം തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ചോപ്പറുകളും, ഡ്രോണ്‍ സര്‍വ്വേ ടീമിന്റെ സഹായങ്ങളും ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് തന്നെ സൈന്യത്തെ വിളിക്കുകയായിരുന്നു. മലകയറ്റത്തില്‍ വിദഗ്ധരായ സൈനികര്‍ ഇന്നലെ രാത്രി തന്നെ മലമ്പുഴയിലെത്തി രക്ഷാ പ്രവര്‍ത്തന ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ അത് വിജയമായിരിക്കുകയാണ്. ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.