ഗുവാഹത്തി: മകള്‍ പൊതുസ്ഥലത്ത് വച്ച് ഒരു ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതംഗ. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക് രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകളായ മിലാരി ചാങ്തേ കയ്യേറ്റം ചെയ്ത്. അപ്പോയിന്‍മെന്‍റ് എടുക്കാതെ ചികിത്സ നല്‍കാനാവില്ലെന്ന് ഡോക്ടര്‍ മിലാരിയോട് പറഞ്ഞിരുന്നു.
ഇതില്‍ പ്രകോപിതയായാണ് മിലാരി ഡോക്റെ മര്‍ദ്ദിച്ചത്. ബുധനാഴ്ചയാണ് സംസ്ഥാനമാകെ ചര്‍ച്ചയായ സംഭവം ഉണ്ടായത്. പരിശോധിക്കണമെങ്കില്‍ അപ്പോയിന്‍മെന്‍റ് എടുക്കണമെന്ന് മിലാരിയോട് ഡോക്ടര്‍ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതയായി ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞെത്തിയ മിലാരി മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്തുണ്ടായിരുന്നവര്‍ മിലാരി പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. കറുത്ത ബാഡ്ജണിഞ്ഞ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂണിറ്റിലുള്ള ഡോക്ടര്‍മാര്‍ ജോലിക്കെത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കയ്യക്ഷരത്തിലെഴുതിയ കുറിപ്പില്‍ പറയുന്നു. ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.