തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് ഇഷ്ടക്കാര്‍ക്കു നല്‍കിയെന്ന ഹര്‍ജിയില്‍ രേഖകള്‍ 7 ന് ഹാജരാക്കാന്‍ സര്‍ക്കാരിനു ലോകായുക്ത നിര്‍ദേശം നല്കി. ധനസഹായം നല്കുന്നതില് മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്പെഷല്‍ അറ്റോര്‍ണിയോടു കോടതി നിര്‍ദേശിച്ചു. കേസ് 11 ന് പരിഗണിക്കും. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന് നായരുടെയും കുടുംബത്തിനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം നല്‍കിയതിനെതിരെയാണു ഹര്‍ജി. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണു തുക നല്‍കിയതെന്നും നിയമപ്രകാരം 3 ലക്ഷം രൂപയ്ക്കു മുകളില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ലെന്നും പരാതിക്കാര്‍ വാദിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണു പണം അനുവദിച്ചത് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ദുരിതാശ്വാസനിധിയില്‍നിന്നു പണം അനുവദിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതല്ലേയെന്നു ലോകായുക്ത നിരീക്ഷിച്ചു. മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചു പണം നല്‍കാം, പക്ഷേ അര്‍ഹതപ്പെട്ടവര്‍ക്കല്ലേ നല്‍കേണ്ടതെന്നും ചോദിച്ചു. ഹര്‍ജി ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതാണോയെന്നു മുന്‍പു തീരുമാനം എടുത്തതിനാല്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഉപലോകായുക്ത ചൂണ്ടിക്കാട്ടി.