തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍. പ്രതി നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്രതി പിടിയിലായതിന് പിന്നാലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ലുങ്കി മുണ്ട് കൊണ്ട് തലമൂടിയാണ് പ്രതി റെയില്‍വെ ട്രാക്ക് വഴി രക്ഷപ്പെട്ടത്. തലയില്‍ മുണ്ടിട്ട് പ്രതി നടന്നുപോകുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. റെയില്‍വെ ട്രാക്ക് വഴി ആനയറയിലെത്തി.
തുടര്‍ന്ന് ആനയറിയിൽ നിന്നും വെണ്‍പലവട്ടത്ത് എത്തി കിടന്നുറങ്ങി. രാവിലെ ബസ് കയറി തമ്പാനൂരിലെത്തി. ബസ് സ്റ്റാന്‍ഡിലെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങല്‍ പ്രതിയെ തിരിച്ചറിയാൻ സഹായകമായി. കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിലെക്ക് വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പോക്സോ കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ വർക്കല അയിരൂർ സ്വദേശി ഹസ്സൻകുട്ടിയാണ് കൊല്ലത്ത് പിടിയിലായത്. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തപ്പോൾ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി.
ഫെബ്രുവരി 19ന് പുലർച്ചെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം കേട്ട് കേരളം ഞെട്ടിയിരുന്നു. 20 മണിക്കൂറിന് ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽ വെസ്റ്റേഷന് സമീപത്തെ ഓടക്ക് സമീപത്തെ പൊന്തക്കാടിൽ നിന്ന് കിട്ടിയത് വലിയ ആശ്വാസമായിരുന്നു. അപ്പോഴും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞിരുന്നില്ല. ഒടുവിലാണിപ്പോൾ കേരള പൊലീസ് പ്രതിയെ പിടികൂടുന്നത്. ഹസ്സൻ കുട്ടി എന്ന കബീർ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. പോക്സോ കേസിൽ ജയിലായിരുന്ന പ്രതി ജനുവരി 12നാണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് പറയുന്നത്.
തട്ടിയെടുത്തതിന് തൊട്ടുപിന്നാലെ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് നിഗമനം. പക്ഷേ കുഞ്ഞിനെ രാത്രി കണ്ടെത്തിയ സ്ഥലത്ത് അടക്കം പകൽ പരിശോധിച്ചിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതെന്ന സംശയം ബാക്കിയാകുകയാണ്. കുഴിക്കുളളിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി കുഞ്ഞിനെ കൊണ്ട് ഇറക്കിവച്ചതാണോയെന്നും ഇപ്പോഴും വ്യക്തമല്ല. പ്രതിയെ സ്ഥത്ത് കൊണ്ടുപോയി തെളിവെടുത്താൽ മാത്രമേ സംശയങ്ങള്‍ക്ക് വ്യക്തതവരുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പ്രതി പിടിയിലായെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ മാത്രമെ ഇക്കാര്യങ്ങളിലെ ദുരൂഹത നീങ്ങുകയുള്ളു.
ഉപേക്ഷിച്ചശേഷം പ്രതി പല സ്ഥലങ്ങളിലും കറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. അന്നേ ദിവസം രാത്രിയിൽ റെയിൽവേ ട്രാക്കിൽ കൂടി തലയിൽ ലുങ്കി മുണ്ട് ഇട്ട് ഒരാള്‍ പോകുന്ന ദൃശ്യങ്ങളിൽ നിന്നാണ് ഹസ്സിലേക്ക് അന്വേഷണം നീളുന്നത്. ഡിസിപി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രണ്ടാഴ്ചക്കു ശേഷം കൊല്ലം ചിന്നക്കടിൽ നിന്നും പ്രതിയെ പിടികൂടിയത്.