കോവളം : മുട്ടയ്ക്കാട് ചിറയിൽ പതിന്നാലുകാരി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കോവളം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മുല്ലൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), മകൻ ഷഫീക്ക്(23), റഫീക്കയുടെ ആൺസുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽഅമീൻ(26) എന്നിവർക്കെതിരേയാണ് കോവളം പോലീസ് കേസെടുത്തത്. ചോദ്യം ചെയ്തതിൽനിന്നായിരുന്നു കുട്ടിയെയും തലയ്ക്കടിച്ചു കൊന്നുവെന്ന് റഫീക്കയും ഷഫീക്കും കുറ്റസമ്മതം നടത്തിയത്. തുടർന്ന് ഇവരുടെ കുറ്റസമ്മത മൊഴി വിഴിഞ്ഞം പോലീസ് കോവളം പോലീസിന് കൈമാറിയിരുന്നു. കുട്ടി കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുമ്പ് പീഡനത്തിനിരയായിരുന്നു. പ്രതികൾക്കെതിരേ പോക്സോ കേസാണെടുത്തിട്ടുള്ളത്. വിവരം മറച്ചുവെച്ചതിനാണ് അൽ അമീനെതിരേ കേസ്. കുട്ടിയുടെ അയൽവാസിയായ റഫീക്കയും ഷഫീക്കും രക്ഷിതാക്കളില്ലാത്ത നേരത്ത് കുട്ടിയുടെ മുറിക്കുള്ളിലെത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2021 ജനുവരി 13ന് ഉച്ചയോടെയായിരുന്നു കുട്ടിക്ക് തലയ്ക്ക് അടിയേൽക്കുന്നത്. കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രക്ഷിതാക്കളില്ലാത്ത നേരത്ത് വീട്ടിലേക്ക് വന്ന ഷഫീക്ക് കുട്ടിയുമായി ഫോൺവിളിയുമായി ബന്ധപ്പെട്ട് വാക്കുതർക്കമായി. തന്നെ പീഡിപ്പിച്ച കാര്യം അമ്മയോടു പറയുമെന്ന് കുട്ടി അറിയിച്ചു. ഈ സമയത്ത് മുറിയിലേക്ക് കയറിവന്ന റഫീക്കയും ഇക്കാര്യം കേട്ട് കുട്ടിയുമായി വഴക്കുണ്ടാക്കി. റഫീക്ക കുട്ടിയുടെ തല പിടിച്ച് ചുമരോടു ചേർത്തിടിച്ചെന്നും കട്ടിലിലേക്കു വീണ കുട്ടിയെ പിന്നാലെയെത്തിയ ഷഫീക്ക് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പ്രതികളുടെ കുറ്റസമ്മതം. കുട്ടിയെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ കൊലപാതകത്തിന്റെ തുടരന്വേഷണത്തിനായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോവളം എസ്.എച്ച്.ഒ. ജി.പ്രൈജു, എസ്.ഐ.മാരായ എസ്.അനീഷ്കുമാർ, മെർവിൻ ഡിക്രൂസ് തുടങ്ങിയവരും സംഘത്തിലുണ്ട്. വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികളെയും വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവരെ തിരികെ കോടതിയിൽ ഹാജരാക്കും. ഇതിനുശേഷം കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോവളം പോലീസ് ഈ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് കോവളം എസ്.എച്ച്.ഒ. ജി.പ്രൈജു പറഞ്ഞു.