ആലപ്പുഴ : നഗരപരിസരത്തെ വീട്ടിൽ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാർത്ത പരന്നത് ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാർത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും രണ്ടുമണിക്കൂറോളം കുഞ്ഞിനെത്തേടി പരക്കംപാഞ്ഞു. ഒടുവിൽ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഈ പുകിലൊന്നുമറിയാതെ അകത്തെ അലമാരയ്ക്കു പിറകിൽ കുഞ്ഞ് നല്ല ഉറക്കത്തിലും. ആലപ്പുഴ നഗരത്തിലെ കുതിരപ്പന്തിയിൽനിന്ന് കുട്ടിയെ കാണാതായെന്ന പ്രചാരണം തുടങ്ങിയതോടെ ചിത്രവും വിവരങ്ങളുമടങ്ങുന്ന പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്യസംസ്ഥാനക്കാർ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയെന്നുവരെ വാർത്തപരന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസും രംഗത്തിറങ്ങി. പോലീസ് സേനയുടെ ജില്ലാതല യോഗം ജില്ലാ ആസ്ഥാനത്തു നടക്കുന്നതുകൊണ്ട് മിക്കവാറും ഉദ്യോഗസ്ഥർ ആലപ്പുഴയിലുണ്ടായിരുന്നു. പോലീസ് ജീപ്പുകൾ നഗരത്തിൽ തലങ്ങുംവിലങ്ങും പാഞ്ഞു. ജങ്ഷനുകളും ഓട്ടോറിക്ഷാ സ്റ്റാൻഡുകളും വീടിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചു.
കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമായിരുന്നു എല്ലാവരുടെയും മനസ്സിൽ. സർവരും കുട്ടിക്കുവേണ്ടി നാടാകെ തിരയുമ്പോൾ വീടിനകം ആരും ശ്രദ്ധിച്ചില്ല. നാട്ടിലെ തിരച്ചിലിനൊടുവിൽ പോലീസ് വീട്ടിലെത്തി പരിശോധിക്കാനെടുത്ത തീരുമാനമാണ് ട്വിസ്റ്റായത്. അതോടെ ആശങ്കകൾ ട്രോളുകളായി സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. കുട്ടിയും രക്ഷിതാക്കളും കുതിരപ്പന്തിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.