തിരുവനന്തപുരം : ആരോരുമില്ലാതെ ശിശുക്ഷേമസമിതിയിൽ എത്തിപ്പെട്ട കുരുന്നുകളിൽ 49 പേർ പുതിയ ജീവിതത്തിലേക്ക്, കുടുംബത്തിലേക്ക് കടന്നു. അതും യൂറോപ്പിലെ വിവിധ വികസിത രാജ്യങ്ങൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിങ്ങനെ.2023ൽ മാത്രം ഇതുവരെ 49 കുട്ടികൾക്കാണ് ദത്തുവഴി കുടുംബമുണ്ടായത്. ഇതിൽ 10 പേരെ യൂറോപ്പിലെ വിവിധ വികസിത രാജ്യങ്ങളിലേക്കാണ് ദത്ത് നൽകിയത്. ആറ് ദത്തെടുക്കൽ കേന്ദ്രങ്ങൾ, മൂന്ന് ശിശുപരിചരണ സ്ഥാപനങ്ങൾ, ബാലികാമന്ദിരം, 150ലേറെ ക്രഷെ എന്നിവയുടെ നടത്തിപ്പും സമിതിക്കാണ്.
സർക്കാർ ധനസഹായത്തിനപ്പുറം സമൂഹത്തിലെ സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായമാണ് സമിതിയുടെ നട്ടെല്ല്. ഇതിനിടെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ (ഐസിസിഡബ്ല്യു) സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ രക്ഷാധികാരി പദവിയിൽനിന്ന് ഒഴിവാക്കണമെന്ന ഗവർണറുടെ ആവശ്യം. ഐസിസിഡബ്ല്യുവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതാണ് കാരണമായി പറഞ്ഞത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വരവുചെലവ് കണക്കുകളിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല. എന്നാൽ, സമിതിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥാപനത്തിലെ അഴിമതിയുടെ പേരിലാണ് ഗവർണർ നടത്തിയ സ്ഥാനമൊഴിയൽ നാടകം.