കൊച്ചി: മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഉത്തരവിട്ട് ഹൈക്കോടതി. മാതാപിതാക്കളില്‍ ഒരാള്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളായാല്‍ മക്കള്‍ക്കും പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ശുപാര്‍ശ ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ കോടതി റദ്ദാക്കി.
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാപിതാക്കളില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നയാളുടെ ജാതി സ്വീകരിക്കാമെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുണ്ടന്നും കോടതി വ്യക്തമാക്കിയിരുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അംഗമാണ് ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ. അച്ഛന്‍ ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗവുമാണ്. ജാതി സര്‍ട്ടിഫിക്കറ്റിനായി ഹര്‍ജിക്കാരി നല്‍കിയ അപേക്ഷ തൃശ്ശൂര്‍ തഹസില്‍ദാര്‍ നിരസിക്കുകയായിരുന്നു. അമ്മയുടെ സമുദായത്തില്‍ നിന്ന് അകന്നു കഴിയുകയാണ് എന്ന ന്യായമുയര്‍ത്തിയാണ് തഹസില്‍ദാര്‍ അപേക്ഷ തള്ളിയത്.